ഭിന്നശേഷി കുട്ടികള്‍ക്ക് താത്കാലിക സംരക്ഷണം നല്‍കും
മലപ്പുറം: ബുദ്ധിപരവും വളര്‍ച്ചാപരവുമായ വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും താത്കാലിക സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന "അന്പ് വീട് ' പദ്ധതി ജില്ലയില്‍ തുടങ്ങി. സന്നദ്ധ സ്ഥാപനങ്ങളില്‍നിന്നും കുടുംബങ്ങളില്‍നിന്നും അപേക്ഷ സ്വീകരിച്ച് ജില്ലാ സാമൂഹികനീതി ഓഫീസാണ് പദ്ധതി നടപ്പാക്കുന്നത്.
ഭിന്നശേഷിക്കാരായ മക്കളുള്ള രക്ഷിതാക്കള്‍ക്ക് അടിയന്തര ചികിത്സ, ആശുപത്രി വാസം, മറ്റ് അത്യാവശ്യ യാത്രകള്‍ എന്നിവ വേണ്ടിവരുമ്പോള്‍ കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ ഇടമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഗുണഭോക്താക്കള്‍ക്ക് പരമാവധി ഏഴുദിവസം വരെ അന്പുവീടുകളില് താത്കാലിക പരിപാലനം ലഭിക്കും.
പരിചരണത്തിനായി ഗുണഭോക്താക്കളില്‍നിന്ന് യാതൊരുവിധ ഫീസും ഈടാക്കില്ല. ഇതിനാവശ്യമായ തുക സാമൂഹികനീതി വകുപ്പ് നേരിട്ട് അനുവദിക്കും. ദൈനംദിന പരിചരണം, വ്യക്തിശുചിത്വം, ഭക്ഷണം നല്കല്, മരുന്നുനല്‍കല്‍ തുടങ്ങിയവയും കൃത്യമായ സുരക്ഷയും ഉറപ്പാക്കും. വ്യക്തിഗതമായും സന്നദ്ധ സംഘടനകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
ഭിന്നശേഷിക്കാരുള്ള കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാന്‍ അവസരമുണ്ട്. ലഭിക്കുന്ന അപേക്ഷകളില്‍ കൃത്യമായ പരിശോധന നടത്തി തൃപ്തികരമായ സ്ഥാപനങ്ങളെയും വീടുകളെയും എംപാനല്‍ ചെയ്യാനാണ് തീരുമാനം. പദ്ധതിയില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്നു വരെയേ അവസരമുള്ളൂ.